Friday, 30 December 2011

അവകാശി..

പുലര്‍ച്ചെ ഈറ്റില്ലത്തില്‍ നിന്നുയര്‍ന്നൊരു  കരച്ചിലായി
വൈഷമ്യങ്ങള്‍ തന്‍ തറവാടാം ഈ ലോകത്തില്‍ പിറന്നൂ ഞാന്‍;
മുട്ടിലിഴഞ്ഞും, നടന്നും, ഓടിയും എന്‍ സ്വാതന്ത്ര്യം ഞാനാഘോഷിച്ചു.
ബാല്യവും കൗമാരവും പുസ്തകങ്ങള്‍ തന്‍ തടവിലും
യൗവനവും വാര്‍ദ്ധക്യവും ക്ലേശങ്ങള്‍ തന്‍ നടുവിലും 
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നത്തിനായുള്ള ഓട്ടത്തിലും 
സന്തോഷ സന്താപ സമ്മിശ്രമീ  ജീവിതത്തില്‍ 
ആകെ ഞാന്‍ നേടിയതു ആറടി മണ്ണിന്നവകാശം മാത്രം !!

Friday, 23 December 2011

ക്രിസ്തുമസ് രാവ്...

മണ്ണിലും, വിണ്ണിലും നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മും രാവില്‍
മഞ്ഞണിഞ്ഞ വഴികളില്‍ ക്രിസ്തുമസ് ആരവങ്ങള്‍ ഉയരവേ,
കാലുറക്കാതെ വേച്ചു നീങ്ങും യൌവ്വനങ്ങള്‍ക്കപവാദമായി
വിശക്കുന്ന വയറും,  മാറോടണച്ച കുഞ്ഞുമായി
അനന്തതയിലേക്ക് അവള്‍ കണ്ണും നട്ടിരിക്കവേ
കാണാതെ കടന്നു പോം മുഖങ്ങളില്‍ ആഘോഷത്തിരതള്ളല്‍  മാത്രം;

കാലിത്തൊഴുത്തില്‍ പിറന്നവനെ, ആലംബഹീനര്‍ക്കാശ്വാസമേകിയവനെ
കണ്ടുവണങ്ങുവാന്‍, കാഴ്ചകളര്‍പ്പിക്കുവാന്‍ ഇന്നും നടപ്പൂ മര്‍ത്യര്‍;
ജ്ഞാനികള്‍ ഹേറോദേസിന്‍ കൊട്ടാരത്തിലേക്കെന്ന പോലെ..

അവള്‍ക്കൊരു കഷ്ണം റൊട്ടിയും ഒരു പുതപ്പുമേകി
ക്രിസ്തുവിന്‍ സാക്ഷിയാവാന്‍ ഒരു വൃദ്ധന്‍ മാത്രം തുനിഞ്ഞപ്പോള്‍
"അത്യുന്നതന് സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനമെന്ന്‌"
പാടിക്കടന്നു പോയി ഒരു സംഘം മാലാഖമാര്‍...

Thursday, 22 December 2011

സഞ്ചാരി...

നിളയുടെ നാട്ടില്‍ നിന്ന് സ്വപ്നങ്ങളുടെ മാറാപ്പുമായി
ദിക്കറിയാതുഴലുന്ന സഞ്ചാരി ഞാന്‍ .
നീളുന്ന വഴികളിലൂടെ നടന്നും തളര്‍ന്നും 
ദേശാന്തരങ്ങളിലൂടെ ഞാന്‍ ചരിപ്പൂ .

ആത്മാവിലുരുകുന്ന കനലുകള്‍ മാത്രം 
ഏകാന്തതയുടെ ഈ നെരിപ്പോടിനുള്ളില്‍..
ചിതറിയ ചിന്തകള്‍, മങ്ങിയ കാഴ്ചകള്‍,
കൂടപ്പിറപ്പുകളാം വേദനകളും.

ഓരോ ചുവടിലും വേക്കുന്ന കാലുകള്‍ 
ദുര്‍ഘടങ്ങളാം വഴിത്താരകള്‍;
പിന്നിട്ട ദൂരങ്ങള്‍, കൈവിട്ട മോഹങ്ങള്‍ 
അറിയില്ല എത്രയെന്നിനിയും .

മിഴികളില്‍ നിറയുന്ന കണ്ണീര്‍ക്കണങ്ങളില്‍ 
വിയര്‍പ്പായി പൊടിയുന്ന രക്തതുള്ളികളില്‍;
നിറയുന്നു നഷ്ടസൌഭാഗ്യങ്ങള്‍ തന്‍
ഈ ലോകശേഷിപ്പുകള്‍ ..

പാതിയാത്രക്കൊടുവില്‍, ആറടി മണ്ണിലേക്കടങ്ങവേ 
ചുറ്റും നില്‍ക്കുവാന്‍, കണ്ണീര്‍പൊഴിക്കുവാന്‍;
ഈ ജന്മത്തില്‍ ആരുണ്ടെനിക്ക്,
കര്‍മ്മസാക്ഷിയാം സൂര്യനല്ലാതെ ??

Wednesday, 21 December 2011

എവിടെ?

നിന്‍ മിഴികളിലൂറിയ നൊമ്പരം
ഇടറിയ മൊഴികളിലെ വികാരം;
രാത്രിമഴ തന്‍ തേങ്ങലോ?
രാപ്പാടിതന്‍ ശോകമോ?

നീലാംബരം പോല്‍ നിന്‍ മൗനം
പ്രേമശോകാര്‍ദ്രമം നിന്‍ ഹൃദയം; 
ഓര്‍മ്മകളില്‍ നീ ഏകയായി 
വാനിലമ്പിളിയേപോല്‍ നില്‍പൂ.

നിന്നിലേക്കോടി വരുവാന്‍, 
നിന്നെ നെന്ജോടു ചേര്‍ക്കാന്‍ 
പ്രാണനായി നിന്നെ  സ്നേഹിക്കാന്‍ 
നിന്‍റെ ഹൃദയനാഥനെവിടെ ??

Tuesday, 20 December 2011

നീ മാത്രം...

പ്രണയലോലമായ  നിന്‍ ഹൃത്തില്‍  വിരിഞ്ഞ
മധുരഗാനങ്ങള്‍ തന്‍ പല്ലവി 
ഒരു നറുനിലാവായി , തെന്നലായി ,
എന്‍ മിഴികളില്‍ അശ്രുവായി നിറഞ്ഞു.

സ്വപ്‌നങ്ങള്‍ തന്‍ പൌര്‍ണ്ണമി എന്നില്‍ നിറഞ്ഞ്
ഞാനൊരു രാപ്പാടിയായി മാറി.
നിന്‍ ഗാനങ്ങള്‍ തന്‍ ഈരടികലേറ്റ്പാടി  
ജന്മാന്തരങ്ങളിലൂടെ ഞാനലഞ്ഞു...

നിന്നോര്‍മ്മകള്‍ തന്‍ തേരിലെരി 
മലകള്‍ക്കും താഴ്വാരങ്ങള്‍ക്കൂമപ്പുരെ,
നീലവിഹായസ്സതിരുകള്‍ തീര്‍ത്ത 
മരുഭുമിയിലൂടെ നിന്നെയും തേടി ഞാന്‍ നടന്നു...

നിന്‍ ദര്‍ശനത്തിനായി, കരസ്പര്‍ശനത്തിനായി 
ദാഹിക്കുന്നോരെന്‍  ഹൃത്തില്‍; 
നിന്നോര്‍മ്മകള്‍ തന്‍ തണലില്‍ 
എന്നന്തരാത്മാവില്‍ നിറഞ്ഞുനിന്നത്..
                                         നിന്‍ ചിത്രം മാത്രം!!

Monday, 19 December 2011

വിരഹത്തിന്‍റെ നോവ്‌...

വിട പറയും നേരം നിന്‍ കണ്‍തടങ്ങളില്‍
നിറഞ്ഞ കണ്ണീര്‍ കണങ്ങളില്‍ കണ്ടു ഞാന്‍ ;
വിരഹത്തിന്‍ നോവില്‍ ചാലിച്ചോരെന്‍ രൂപം .

സിന്ദൂര സന്ധ്യ തന്‍ ശോണിമ 
നിന്‍ കവിളുകളില്‍ കണ്ടു ഞാന്‍ ;
നോവിന്‍ കനലുകളെരിയുന്നതിന്‍  നിറം.

വിറയാര്‍ദ്രമാം നിന്‍ അധരങ്ങളില്‍ 
പറയാന്‍ കൊതിക്കുന്ന വാക്കുകളില്‍;
ഒരു ജന്മത്തിന്‍ സ്നേഹസ്മൃതികളലിഞ്ഞു.

പെരുമ്പറ മുഴക്കുന്ന നിന്‍ ഹൃദയത്തില്‍ 
എന്നോടണയാന്‍, എന്നിലലിയാന്‍;
വെമ്പല്‍ നിറയുന്നതുമറിയുന്നു ഞാന്‍.

തണ്ത്തുറഞ്ഞ നിന്‍ കരങ്ങളില്‍
മൃദുലമാം വിരലുകളില്‍ ഒരു സ്വപ്നാടനത്തിന്‍
കരസ്പര്‍ശ ദാഹമറിയുന്നു ഞാന്‍ .

തളര്‍ന്ന നിന്‍ കാലുകളില്‍ ,
കാല്‍പാദങ്ങളില്‍ ജീവിതയാത്ര തന്‍ 
മോഹമണയുന്നതുമറിയുന്നു  ഞാന്‍ .